നടന്നു നീങ്ങിയ നാട്ടു വഴികള്‍ക്ക് ഓര്‍മകളുടെ ഗന്ധമാണ് .അപ്പുപ്പന്റെ കൈയും പിടിച്ചു ലോകത്താരെയും ഇനി പേടിക്കാനില്ല എന്ന ഭാവത്തില്‍ നടന്നു നീങ്ങിയപ്പോള്‍ അറിഞ്ഞിരുന്നില്ല ആ വഴികള്‍ എന്നും മനസ്സില്‍ നിറയ്ക്കുക ആ ഓര്‍മ്മകള്‍ മാത്രമാണെന്ന്. ആ ഓര്‍മ്മകള്‍ നീക്കിവേച്ചാല് ജീവിതത്തില്‍ സ്ഥാനമില്ലാത്തെ വഴികള്‍.
കൈപിടിച്ച് പോയ കാലും മുതല്‍ മാത്രമേ ഓര്മ എന്നവകാഷപ്പെട്ടുകൊണ്ട് എന്തെങ്കിലും പറയാന്‍ കഴിയു , യാത്രകള്‍ അതിനും എത്രയോ മുന്‍പ് ആരംഭിച്ചു കഴിഞ്ഞു. തല ഉറചിട്ടില്ലാത്തെ , ചിന്തകള്‍ ജനിച്ചിട്ടില്ലാത്ത , കരയാനും ഭക്ഷണം കഴിക്കാനും മാത്രം വായ തുറക്കുന്ന കുഞ്ഞിനേയും കൊണ്ട് അമ്മുമ്മയും അപ്പുപ്പനും കയറിയിറങ്ങിയ നാട്ടു വഴികളും , പുരയിടങ്ങളും, പറമ്പുകളും ഓര്‍മയുടെ അങ്ങേയറ്റത്തുപോലും ഇല്ല .
ചോറുണ്ണാന്‍ കൂട്ടാക്കാതെ വഴക്കിടുന്ന എന്നെ കൈയിലെടുത്തു കൊറ്റിയെ കാണിക്കാന്‍ കൊണ്ട് പോകുന്ന അപ്പുപ്പന്റെ കഴിത്തില് അള്ളിപ്പിടിച്ചു കിടക്കുന്ന ഞാന്‍ , ആ എന്നെ സങ്കല്പ്പിക്കാന് കഴിയും , പക്ഷെ ആ യാത്ര എന്ന അനുഭവം സങ്കല്‍പ്പത്തിനും അതീതമാണ്. അന്ന് ആ തോളില്‍ ഇരിക്കുന്ന എനിക്ക് ആ യാത്രകളുടെ വില അറിയുമോ എന്നറിയില്ല , ഇന്ന് ആ യാത്രകള്‍ വിലമതിക്കാനാവാത്തതാണ്.
പെരുമ്പാമ്പ് ഉണ്ടെന്നു പറഞ്ഞു പേടിച്ചിരുന്ന പൊളിഞ്ഞ വീടും കഴിഞ്ഞു തൂങ്ങി വീഴാറായി നില്ക്കുന്ന ട്രാന്‍സ്ഫോര്‍മറിന്റെ താഴെക്കൂടെ നടന്നു മീനച്ചിലാറിന്റെ കൈവഴിയുടെ കരയിലൂടെ നടന്നു നീങ്ങുന്നെ അപ്പുപ്പന്റെ കൈയില്‍ തുങ്ങി കിടക്കുന്ന ഒരു കുഞ്ഞി പെണ്ണിനെയും എളിയില്‍ കയറിയ ഇരിക്കുന്ന ചെക്കനെയും പുറകെ നടന്നു വരുന്ന ഒരു വഴിയത്രക്കാരിയെപ്പോലെ നോക്കി കാണാനേ കഴിയുന്നൊളള്.അവരുടെ സംഭാഷണങ്ങളും പൊട്ടിച്ചിരികളും പുറകില്‍ നടന്നു വരുന്ന എന്റെ ചെവിയില്‍ എത്തുമ്പോള്‍ അവ്യെക്തമാകുന്നു.
വഴിയില്‍ കുശലം ചോദിച്ചിരുന്ന വാസു അപ്പുപ്പനും , പോട്ടനെപ്പോലെ ചിരിച്ചു എല്ലാ വീടിന്റെയും ഗേറ്റുകള്‍ വലിച്ചു സാക്ഷയിട്ടിരുന്ന ചന്ദ്രമ്മാവനും, “വലുതാകുമ്പോ അപ്പുപ്പനെ പോലെ വക്കീലാകുവോ?”എന്നുറക്കെ വിളിച്ചു ചോദിക്കുന അച്ചായനെയും കാലം മാറ്റിയിരിക്കുന്നു, ചന്ദ്രമ്മാവനെ ഭൂമിയില്‍ നിന്നും തന്നെ.
പരാതികള പറഞ്ഞു പറഞ്ഞു മുഖം ഭീകരമായ ‘ദുര്‍വാസാവിനെ’ കാണുമ്പോള്‍ അപ്പുപ്പന്റെ മുണ്ടിന്റെ മറവില്‍ ഒളിക്കുന്ന എന്നെയും തോളത്തു തല വെച്ചു കണ്ണ് മറയ്ക്കുന്ന മോനെയും ചേര്‍ത്തുപിടിച്ചു വേഗത്തില്‍ കുഷലമാന്വേഷിച്ചു ഒഴിവാക്കുന്ന അപ്പുപ്പന്റെ മുണ്ടിന്റെ മണം മൂക്കിന്റെ തുമ്പത്ത് ഇരിക്കുംപോലെ ,
പാതിരാത്രിക്ക് മെഴുകുതിരി വെട്ടത്തില്‍ പാള വിശറി വീശി “മലയാപ്പുലയനാ മാടത്തിന് മുറ്റത്ത്” പാടി തോട്ടില്‍ ആട്ടുന്ന അപ്പുപ്പന്റെയും അമ്മുംമെടെയും ഒച്ച കേട്ടാണ് ഇന്നും ഉറങ്ങുന്നത്. ശ്വാസം വലിക്കാന്‍ കഷ്ടപ്പെട്ട് ചിണുങ്ങി കരയുന്ന എന്റെ തോളത്തിട്ടു നടക്കുന്ന അപ്പുപ്പന്റെ നിഴലില്‍ നോക്കി മറ്റൊരാളെ പോലെ മാറിനില്ക്കുന്നു.
പൊള്ളിയ കാല് മരുന്ന് വെച്ചു കെട്ടാന്‍ പോയപ്പോ വേദന സഹിക്കാഞ്ഞു അപ്പുപ്പന്റെ കൈ കടിച്ചു പറിച്ച കുഞ്ഞു..വേളുത്ത ചുവരുകളെ പെന്‍സില്‍ മുനകുത്തി വേദനിപ്പിച്ച , കിണറ്റില്‍ ആരും കാണാതെ എത്തി നോക്കിയിരുന്ന ആ കുഞ്ഞു ചിരിച്ചോണ്ട് അപ്പുപ്പന്റെ മേശമേല്‍ കിടന്നു മറിയുന്നു . ഫൌണ്ടന് പേനയില്‍ മഷി കോരിയൊഴിച്ചു വെള്ള കടലാസുകളില്‍ വരച്ചു കളിക്കുന്നു, ഒഴുകിയിറങ്ങുന്ന മഷി കൈയില്‍ നിന്നു ഇറ്റിറ്റു നിലത്തേക്ക് വീഴുന്നു....നിലത്ത് തലം കെട്ടി നില്ക്കുന്ന നീല മഷിയില്‍ അതിന്റെ കുഞ്ഞിക്കണ്ണുകള്‍ തെളിഞ്ഞു കാണാം...
ഓര്‍മ്മകള്‍ ഇറ്റിറ്റു വീഴുകയാണ്...ഒരു വല്യ മാഷിക്കുപ്പിയില് മുക്കി എന്റെ വിരലുകള്‍ ഓര്‍മകളെ വരച്ചിടാന്‍ ശ്രമിക്കുന്നു.....അനുഭവങ്ങള്‍ വരച്ചിടാന്‍ ശ്രമിക്കുന്നു..നടന്ന കാര്യങ്ങള്‍ കഥ പറയും പോലെ പറയാം, പക്ഷെ ഉള്ളില്‍ അനുഭവിച്ച വികാരത്തെ കൃത്യമായി കടലാസ്സില്‍ പകര്‍ത്താന്‍ കഴിയുമോ , എനിക്ക് കഴിയില്ല ...കഴിയണമെങ്കില്‍ എന്റെ കണ്ണീരിന്റെ നനവ് അതില്‍ പടര്‍ന്നു പിടിച്ചാലും അക്ഷരങ്ങള്‍ തല ഉയര്‍ത്തി നില്‍ക്കണം..മങ്ങാതെ മറയാതെ.....
really touching... each word... oru thulli kannuneer baakkiyaai kannilevideyo... thondayil thangi nilkkunna entho onnum.... iniyum ezhuthuka....
ReplyDeleteThis comment has been removed by the author.
ReplyDeleteDear,
ReplyDeleteoru nimisham purakottu nokkan prachothanamavunna shayliyanu ezhuthinu.. thudarnnum orupeduzhuthuka...