മയിലുകള്‍ പറക്കുന്നത് ആദ്യമായി കാണുന്നത് ഹോസ്റെലിന്റെ ടെറസില്‍ വെച്ചായിരുന്നു.ഒരുമരത്തില്‍ നിന്നും മറ്റൊന്നിലേക്ക് മയില്പ്പീലിക്കെട്ടിന്റെ ഭാരമറിയാതെ ആണ് മയില്‍ പറന്നിറങ്ങുന്ന കാഴ്ച നോക്കിയിരുന്നു പോയി.പച്ചയും നീലയും കലര്‍ന്ന പീലി ഇലകളില്‍ നിന്ന് തിരിച്ചറിയുക ശ്രമകരമായിരുന്നു. മയില്‍പ്പീലി സ്വന്തമായുള്ള മയിലിനോട് അസൂയ തോന്നിയ കാലം. അച്ഛന്റെ കൈയും കാലും പിടിച്ചു വാങ്ങിയ മയില്‍പ്പീലി പുസ്തക
ത്താളിനുള്ളില് പെറ്റ് പെരുകാന്‍ അന്ന് സൂക്ഷിച്ചു വെച്ചിരുന്നു , പക്ഷെ വെട്ടം കണ്ടാല്‍ അത് ചത്ത് പോകുമെന്ന് ആരും പറഞ്ഞു തന്നിരുന്നില്ല.എപ്പോഴൊക്കെയോ വെട്ടം എന്റെ അറിവില്ലായ്മയെ ചൂഷണം ചെയ്തു മയില്പ്പീലിയെ ചെന്ന് കണ്ടു, അതിനെ കൊന്നു.
സോക്ക്സ് പൂക്കള്‍ നിറച്ച ഒരു പെട്ടിയില്‍ അന്നവള്‍ ഒരു മയില്‍പ്പീലിയും വെച്ചിരുന്നു, എന്റെ കൊതി അറിഞ്ഞാവണം.
എന്നോടുള്ള വഴക്കില്‍ മോന് പിചിക്കീറിയ മയില്പ്പീലിത്തുണ്ടുകള് എന്റെ കണ്ണീരില്‍ നനഞ്ഞു കുതിരുന്നു തറയോട് പറ്റിക്കിടന്നു.നനഞ്ഞു കുതിര്‍ന്ന ഒരു തുണ്ട് ഞാന്‍ ഉടുപ്പില്‍ തുടച്ചു വീണ്ടും പുസ്തകത്തില്‍ വെച്ചു, എന്റെ കണ്ണീരു കുടിച്ചു അതിനു വളരാന്‍ പറ്റിയെങ്കിലോ.
മയില്പ്പീളിക്കണ്ണിലെ നിറങ്ങളെ നോക്കി കടലാസ്സില്‍ പകര്‍ത്താനുള്ള എന്റെ അക്ഷീണ പരിശ്രമങ്ങളെ പരാജയത്തിന്റെ ഉപ്പ് അറിയിച്ച മയില്പ്പീലിയെ വരയ്ക്കുന്നത് ഞാന്‍ വെറുത്തിരുന്നു .വരയ്ക്കാന്‍ എനിക്കറിയില്ല എന്ന് അംഗീകരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല .എന്റെ കൈകള്‍ക്കും നിറങ്ങള്‍ക്കും വഴങ്ങാതെ മയില്‍പ്പീലി എന്റെ കണ്ണുകള്‍ക്ക് മുന്പില് എന്നും അഹങ്കാരത്തോടെ നിന്നു.
അഷ്ടമിരോഹിണി ദിനത്തില്‍ കൃഷ്ണനാകാന്‍ തലയില്‍ മയില്‍പ്പീലിയും കുത്തി അമ്മുംമയുടെ പിറകെ നടന്നു കരഞ്ഞു ,തിളക്കമുള്ള മഞ്ഞ സാരി താര് ഉടുത്തു സ്ലൈടില്‍ ഉറപ്പിച്ച മയില്‍പ്പീലിയും കൊണ്ട് ജനലിന്റെ പടിയില്‍ നിന്നു ഘോഷയാത്ര കണ്ടുകൊണ്ടിരിക്കുമ്പോള്‍
എണ്ണയുള്ള മുടിയില്‍ സ്ലൈടിനു പിടികൊടുക്കാതെ ഊരി വന്നു നെറ്റിയില്‍ കിടന്ന മയില്‍പ്പീലി കൈകൊണ്ടു വകഞ്ഞു മാറ്റി കുട്ടി കൃഷ്ണന്മാരെയും രാധമാരെയും ആവേശത്തോടെ കണ്ടുകൊണ്ടിരുന്നു.
പീലിയുടെ അറ്റം മുഖത്തുഴിഞ്ഞു ഇക്കിളിയാക്കിയിരുന്ന കൂട്ടുകാരിയുടെ പേരിന്നു ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല .
ഹോം വര്‍ക്ക് ഉണ്ടോ എന്നറിയാന്‍ ഇന്നലെ പുസ്തകം തുറന്നപ്പോള്‍ അതിന്റെ ഉള്ളില്‍ പെറ്റ് പെരുകാന്‍ എന്റെ മകന്, വെട്ടം കാണിക്കാതെ സൂക്ഷിച്ചിരിക്കുന്ന പീലി .മയില്‍പ്പീലി കുഞ്ഞുങ്ങളെ പ്രസവിക്കേണ്ട ആ പീലി ഭദ്രമായി ഞാന പുസ്തകത്തിനുള്ളില്‍ തിരികെ വെച്ചു , പെറ്റ് പെരുകി അതോരായിരം മയില്‍പ്പീലി കുഞ്ഞുങ്ങളെക്കൊണ്ട് ഈ വീട് നിറയ്ക്കട്ടെ .


Dear,
ReplyDeleteMazhavil azhakulla kaalamarunnu pacha full skirtil theernnathenna thiricharivu undayappol shoonyatha matramaninnu bakkiyavunnathu..ormakal avyakthamaakiya kazhchakal orthedukkanulla sremamaninni jeevitham..
keep writing dear...