Monday, October 10, 2011

ഒഴുക്കിനെതിരെ...

വാറുപൊട്ടിയ ചെരുപ്പ് കൈയിലെടുത്തുകൊണ്ടുള്ള ഈ നടപ്പ് കുറെ നേരമായി...ചെരുപ്പിനടിയില്‍ പറ്റിയിരിക്കുന്ന ചെളി മഴത്തുള്ളികളില്‍ കുതിര്‍ന്നു സാരിയിലേക്ക് വീണുകൊണ്ടിരുന്നു...വെളുത്ത കൈത്തറിസാരി ചെളി തെറിക്കാതെ ഒതുക്കിപിടിച്ചു...തോളത്തു കിടന്ന ബാഗിന്റെയും വീട്ടുസാധനങ്ങള്‍ കിടന്ന പെറ്റികൊട്ട് കൂടിന്റെയും ഭാരത്തില്‍ ശരീരം ഒരു വശത്തേക്ക് ചെരിഞ്ഞു പോകുന്നതുപോലെ....ചെറുപ്പത്തില്‍ ചുമരില്‍ കയറിയതാണ് ഉത്തരവാദിത്തങ്ങളുടെ ഭാരം, അതിപ്പോഴും അങ്ങനെ തന്നെ അവിടെ ഇരിക്കുന്നു...വേദനകളുടെ വിഴിപ്പ് ചുമക്കാന്‍ എന്നും കൂടെ ഉണ്ടാകും എന്ന് വാക്ക് തന്ന ആള്‍ ഇന്ന് കൂടെയില്ല..ഒരു പക്ഷെ എനിക്ക് വാക്ക് തന്നപ്പോള്‍ ഓര്‍ത്തുകാണില്ല വേദനയ്ക്ക് മൂര്‍ച്ച ഇത്രയേറ ഉണ്ടാകും എന്ന്...
അന്ന് ഇതുപോലെ ഒരു മഴയില്‍ നനഞ്ഞു കുതിര്‍ന്നു,കൈകള്‍ കോര്‍ത്തു ജീവിതത്തിലേക്ക് ഞങ്ങള്‍ നടന്നു കയറി...മഴത്തുള്ളികള്‍ മുഖത്തടിച്ചു പലതായി ചിന്നിച്ചിതറി...കണ്ണില്‍ വീണ വെള്ളത്തുള്ളികള്‍ കാഴ്ച മറച്ചപ്പോള്‍ ഞാന്‍ തലകുനിച്ചു..   
“മഴത്തുള്ളികളെ പേടിച്ചു മുഖം തിരിക്കാതടി...മഴ നല്‍കുന്ന ചുംബനമാണ് മഴത്തുള്ളികള്‍...അത് വേണ്ടാന്ന് പറയാവോ”...
എന്ന് പറഞ്ഞു എന്റെ മുഖം പിടിച്ചുയര്‍ത്തി....മഴത്തുളികളുടെ ചുംബനം ഞാന്‍ നാണത്തോടെ എറ്റുവാങ്ങി..കോരിച്ചൊരിയുന്ന മഴക്കാലങ്ങള്‍ ഞങ്ങടെ പ്രണയത്തിന് സാക്ഷ്യം വഹിച്ചു..
എന്റെ ജീവിതം പ്രണയം കൊണ്ട് നിറയുന്നതായി ഞാന്‍ സങ്കല്‍പ്പിച്ചു...വെറും സങ്കല്‍പം....
കവിളുകള്‍ കൈകളില്‍ ഒതുക്കി, എന്റെ മുഖത്തെ തന്നോട് ചേര്‍ത്തു, ഒഴുകുയിറങ്ങിയ കണ്ണുനീര്‍ തുള്ളികളില്‍ ചുംബിച്ചു കൊണ്ട് ഒരിക്കല്‍  പറഞ്ഞു
“എടി കൊച്ചെ ,ഇനി നിന്റെ ഈ കണ്ണ് ഒറ്റ തവണയെ നിറയത്തൊള്ളു അതെന്റെ കണ്ണനു അടഞ്ഞു കഴിഞ്ഞായിരിക്കും”...
ജീവിതം സങ്കല്‍പ്പത്തില്‍ നിന്ന് അകന്നു മാറുന്നതില്‍ എനിക്ക് അത്ബുദം തോന്നിയില്ല...പ്രണയം ഒരു ഫാന്റ്റെസിയാണ്...എന്റെ കണ്ണുകള്‍ പലവട്ടം  നിറഞ്ഞൊഴുകി..പക്ഷെ അദ്ദേഹം കണ്ടില്ല...കാണിക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു...
ഓര്‍ക്കുമ്പോള്‍ ചിരി വരും..ഓരോ വാക്കുകള്‍..ചില വാഗ്ദാനങ്ങള്‍..ഒന്നോര്‍ത്താല്‍ വാക്കുകള്‍ പൊള്ളയാണ്..പറയുന്ന ആളിന്റെ മനസ്സിലും ബുദ്ധിയിലും ഒതുങ്ങുന്നതാണ് അതിന്റെ അര്‍ഥം...പുതിയ അര്‍ഥങ്ങള്‍ കണ്ടുപിടിക്കാന്‍ ഞാന്‍ ശ്രമം തുടങ്ങി...ജീവിതത്തിനെ അര്‍ഥം കണ്ടുപിടിക്കാനുള്ള ശ്രമം...കര്‍ത്താവ്‌ മാത്രം തുണ..
ജനിച്ച കുഞ്ഞിനു വൈകല്യം ഉണ്ടെന്നു അറിഞ്ഞ നിമിഷം..ഞാനാകെ തകര്‍ന്നു പോയി...എന്റെ കുഞ്ഞിനെ നെഞ്ചോടു ചെര്‍ത്തുവെച്ച് എന്നെ സമാധാനിപ്പിക്കുന്ന അദ്ദേഹത്തിന്റെ മുഖം ഞാന്‍ മനസ്സില്‍ കെട്ടിയിട്ടു, ഒരു ശക്തിക്ക്...മുറിയില്‍ എത്തിയ എന്നെ കാത്തിരുന്നത് ശബ്ദം കടന്നു ചെല്ലാത്ത  എന്റെ കുഞ്ഞിന്റെ ജീവിതം മാത്രം...തകര്ന്നുപോകുമെന്നു തോന്നി’..പക്ഷെ കര്‍ത്താവ്‌ താങ്ങി....എന്നത്തേയും പോല....
ചിരിക്കാനും കരയാനും സംസാരിക്കാനും  കഴിയുന്ന കുഞ്ഞുങ്ങളെ അദ്ദേഹത്തിനു ദൈവം നല്‍കി..എന്റെ കുഞ്ഞിനെ മറന്നു...അപ്പാന്നു വിളിച്ചു ഓര്‍മ്മിപ്പിക്കാന്‍ അവനു കഴിവില്ലാതാനും...ഒരിക്കല്‍ സങ്കടം സഹിക്കാന്‍ മേലാതെ  ഞാന്‍ പൊട്ടിക്കരഞ്ഞു പോയി...കുറെ നേരം കരഞ്ഞു എന്തൊക്കെയോ പുലമ്പി, ഞാന്‍ നോക്കിയപ്പോ കട്ടിലേല്‍ അനങ്ങാന്മേലാതെ  ആകാശം നോക്കി കിടന്ന കുഞ്ഞിന്റെ കണ്ണ് നിറഞ്ഞൊഴുകുന്നു...എന്നെ ചേര്‍ത്ത് പിടിച്ചു എന്റെ കുഞ്ഞു കരയണ്ടമ്മച്ചി എന്ന് പറയുംപോലെ എനിക്കന്നു തോന്നി...അവനു മനസ്സിനു വിഷമുണ്ടാക്കുന്നത് ചെയ്യത്തില്ല എന്ന് അന്ന് ഞാന്‍ ഉറപ്പിച്ചു...പിന്നെ കരഞ്ഞിട്ടില്ല...ഒരിക്കലും...ഞങ്ങള്‍ ജീവിക്കാന്‍ ആരംഭിച്ചു...വാശിയോടെ...എന്റെ കുഞ്ഞിന്റെ മൌനം എനിക്ക് സംഗീതമായി, പൊട്ടിച്ചിരിയായി....
ദൈവം എന്റെ കുഞ്ഞിനു പലതും നല്‍കിയില്ല , പക്ഷെ വേദനിക്കാന്‍ അവനൊരു മനസ്സ് നല്‍കാന്‍ മറന്നില്ല...ജോലി കഴിഞ്ഞു വൈകിട്ട് ചെല്ലുമ്പോള്‍ എന്നെ നോക്കി കണ്ണിറുക്കി അവന്‍ ചിരിക്കും, തിരിച്ചു ഞാനും..അങ്ങനെ വേദനകള്‍ ഒളിപ്പിച്ചു പരസ്പരം ചിരിക്കുന്നതില്‍ ഞങ്ങള്‍ മിടുക്കരായി...ആ ഒളിച്ചു കളി അവസാനിക്കുന്നിടത്ത് ഞങ്ങളും അവസാനിക്കും....
“മഴയത്ത് ബസിലെ യാത്ര അല്പം ബുദ്ധിമുട്ടാണ് അല്ലെയോ ?”...അടുത്തിരുന്ന യാത്രക്കാരി വിഷമം പറയുന്നു...തുറന്നിട്ട ഷട്ടറില്‍ക്കൂടി കാറ്റ് ഒപ്പം കൊണ്ട് വന്ന മഴത്തുള്ളികള്‍ മുഖത്തടിച്ചുകൊണ്ടിരുന്നു...കുഞ്ഞു കിടക്കുന്ന കട്ടിളിനരികത്തെ ജനലടച്ചു സാക്ഷയിട്ടോ എന്നൊരു സംശയം...മഴച്ചാറ്റല്‍ അടിച്ചു കുതിര്‍ന്നിട്ടുണ്ടാകും എന്റെ കുഞ്ഞു.....