സ്ലേറ്റ് പെന്‍സില് സ്ലേറ്റില്‍ ഒരയുന്ന ശബ്ദം കേട്ടാല്‍ അവന്റെ ചെവി പുളിക്കും. പെന്‍സില്‍ ഒന്നോടിച്ചു ഒടിഞ്ഞ ഭാഗം കൊണ്ടാണ് എപ്പോഴും അവന്‍ എഴുതാറു. മൊട്ട വരച്ചു തൊപ്പി ഇട്ടു എഴുതുന്ന ‘ക’ യും ‘റ’ വരച്ചു ഒന്നെഴുതി കൂട്ടി യോജിപ്പിക്കുന്ന ‘വ’ യും ചീനച്ചട്ടി വരച്ചു അടിയില്‍ ‘റ’ തിരിചിടുന്ന ‘ഋ’ വും ഒക്കെ കൊണ്ട് ആ സ്ലാറെ നിറഞ്ഞു കവിഞ്ഞു . പഴയതിനെയൊക്കെ മായ്ച്ചു പുതിയത് എഴുതാന്‍ വേണ്ടി അവന്‍ കൊലുമഷി തിരഞ്ഞു, മെഴുക് തേച്ച പോലെ തിളങ്ങുന്ന ഇളം പച്ച ഇലകളും നിറമില്ലാത്ത തണ്ടുമായി നില്‍ക്കുന്ന കൊലുമഷി പയ്യെ മണ്ണില്‍ നിന്നുയര്‍ത്തി, വേരില്‍ പതിഞ്ഞ മണ്ണ് കുടഞ്ഞു , തണ്ടോടിച്ചു അവന്‍ സ്ലേറ്റ് തുടച്ചു..തണ്ടില്‍ നിറഞ്ഞു നിന്ന ജലം സ്ലേറ്റ് വൃത്തിയാക്കി.
ചുവന്ന നിറത്തില്‍ മുക്കിയിട്ടിരുന്ന കോല്മഷിയുടെ തണ്ട് ചുവന്നു...ചെടിയുടെ ഞരമ്പുകള്‍ നിറത്തിനെ വലിച്ചെടുത്തു..നാഡികളില്‍ രക്തം ഓടുന്നത് പോലെ വെള്ളം ആ ചെടിയിലൂടെ സഞ്ചരിക്കുന്നത് അവന്‍ കണ്ടു...കോല്മഷി നിറങ്ങളെ വലിച്ചെടുക്കുന്നു....
അവന്‍ പല കോല്മഷികള്‍ പറിച്ചു വേരുകള്‍ പല നിറങ്ങളില്‍ ആഴ്ത്തി....നിറങ്ങള്‍ വേരിന്റെ അഗ്രത്തിലൂകെ കയറി, കോശങ്ങളിലൂടെ അരിച്ചിറങ്ങി തണ്ടിലേക്ക് കയറി.....നിറത്തിന്റെ കടന്നു കയറ്റം അവന്‍ നോക്കി കൊണ്ടിരുന്നു....വൈകിട്ടായപ്പോള്‍ എല്ലാ ചെടികളും നിറം കുടിച്ചു തീര്‍ത്തിരുന്നു..പുതിയ നിറം സ്വീകരിച്ചു നിന്ന ചെടികളെ അവന്‍ പരിശോദിച്ചു....നിറമില്ലാത്തതിലും നല്ലത് നിറമുള്ള കോല്മഷികള്‍ ആണെന്ന് അവനു തോന്നി....ഭൂമിയില്‍ നിന്നിരുന്ന കോല്മാഷികളെ മൊത്തം പറിച്ചെടുത്ത് അവന്‍ നിറങ്ങളില്‍ മുക്കി കാത്തിരുന്നു...നിറങ്ങളില്‍ കിടന്ന ചെടികള്‍ തളര്ന്നവശരായി തല താഴത്തി കിടന്നു...ഭൂമിയില്‍ ഇനി ചെടികള്‍ ബാക്കി ഇല്ല...നിറമില്ലാത്ത കോല്മഷികള്‍ ഇനി ഇല്ല....
പരീക്ഷണം തുടരാന്‍ അടുത്ത ദിവസം എത്തിയ കുഞ്ഞിനെ കാത്തിരുന്നത് കരിഞ്ഞു തുടങ്ങിയ കോല്മഷികള്‍ ആയിരുന്നു...

No comments:
Post a Comment